ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം; 10 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പോത്സവം, പ്രത്യേക ബസ് സർവീസ്



ഗൂഡല്ലൂർ: വേനൽ ചൂടിൽ കുളിരു തേടി എത്തുന്ന സഞ്ചാരികൾക്ക് വിസ്മയമായി സസ്യോദ്യാനത്തിൽ 126-ാമത് ഊട്ടി പുഷ്പ മേളയ്‌ക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമഹോത്സവം മേയ് 20ന് അവസാനിക്കും.

 ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക. ബംഗളൂരു, ഹൊസൂർ ഭാഗങ്ങളിൽ നിന്നാണ് മേളയിലേക്കുള്ള കാർണീഷ്യം പൂക്കൾ എത്തിച്ചിരിക്കുന്നത്.

ഏതാണ്ട് പത്ത് ലക്ഷത്തോളം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സസ്യോദ്യാനത്തിലെ പച്ചപുൽ മൈതാനമാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും ആരാധകരുള്ള പുഷ്പമേളകളിലൊന്നാണ് ഊട്ടി പുഷ്പമേള. 

ഊട്ടിയിലെ വസന്തത്തിന്‍റെ വിസ്മയ കാഴ്ചകൾ ഒരുക്കുന്ന ഊട്ടി പുഷ്പമേളയ്ക്ക് നൂറു വർഷത്തിലധികം പഴക്കമുണ്ട്. 1896 ലാണ് ഊട്ടി പുഷ്പമേള ആദ്യമായി നടന്നത്.

നേരത്തെ മെയ് 17 മുതൽ അഞ്ച് ദിവസം നടത്താനിരുന്ന വാർഷിക പുഷ്പമേള പിന്നീട് മേയ് 10 മുതൽ നടത്താൻ തീരുമാനമാവുകയായിരുന്നു. ഓരോ വർഷവും ഓരോ തീം അടിസ്ഥാനത്തിലാണ് പുഷ്പമേള നടത്തുന്നത്. ​ഓൺലൈന്‍ ആയും ഓഫ്ലൈൻ ആയും ഊട്ടി പുഷ്പമേളയ്ക്ക് ടിക്കറ്റ് എടുക്കാം. ഹോർട്ടികൾച്ചർ വകുപ്പിന്‍റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ടിക്കറ്റ് ലഭിക്കുക. ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് നേരിട്ടും എടുക്കാം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
ഊട്ടി സന്ദർശനത്തിന് ഇ-പാസ് ഏർപ്പെടുത്തുന്നതും ഊട്ടി പുഷ്പമേളയുടെ തിരക്കും കണക്കിലെടുത്ത് കോയമ്പത്തൂരിൽ നിന്ന്‌ ഊട്ടിയിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും.

നിലവിൽ കോയമ്പത്തൂർ-ഊട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 80 ബസുകൾക്ക് പുറമെ മെയ് 10 മുതല്‍ കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് 25 സ്‌പെഷ്യൽ ബസുകൾ സര്‍വീസ് നടത്തും




Previous Post Next Post