കൊച്ചിയില്‍ ഗുണ്ടയുടെ സല്‍ക്കാരവിരുന്നില്‍ ഡിവൈഎസ്പി; എസ്‌ഐയെ കണ്ടതോടെ ശുചിമുറിയില്‍ ഒളിച്ചു; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി. തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്‌പെന്റ് ചെയ്തു.

അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട്‌ പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത് . ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്.

എസ്‌ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് - ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് എംജി സാബു.
Previous Post Next Post