താനൂർ കസ്റ്റഡി മരണം: 4 പൊലീസുകാർ അറസ്റ്റിൽമലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സിബിഐ . ഒന്നാം പ്രതിയായ സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സിബിഐ സംഘം വീട്ടിലെത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

2021 ഓഗസ്റ്റ് ഒന്നിനാണ് മയക്കുമരുന്ന് കേസില്‍ താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ മരിച്ചത്.കസ്റ്റഡിയിലെടുത്ത താമിര്‍ പുലര്‍ച്ചെയോടെ തളര്‍ന്നു വീഴുകയായിരുന്നു. ശ്വാസകോശത്തിലുണ്ടായ അമിത രക്തസ്രാവവും ശരീരത്തിലുണ്ടായ മുറിവുകളുമാണ് താമിര്‍ ജിഫ്രിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായും ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നതായും കണ്ടെത്തി. ഇതുകൂടാതെ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ നിരവധി പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു. ഹൃദയ ധമനികൾക്കും തടസമുണ്ടായിരുന്നു. ആമാശയത്തിൽ നിന്നും നേരത്തെ ക്രിസ്റ്റൽ രൂപത്തിലുള്ള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക്ക് കവറുകൾ കണ്ടെത്തിയതിൽ ഒന്ന് പൊട്ടിയ നിലയിലായിരുന്നു.

കസ്റ്റഡിമരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബം നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രതികളെ അറസ്റ്റുചെയ്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയായിരുന്നു
Previous Post Next Post