തോട്ടയ്ക്കാട്ട് മെഡിക്കൽ സ്റ്റോറിന് നേരേ ആക്രമണം..തോട്ടയ്ക്കാട് ആശുപത്രിപടിക്ക് സമീപം പ്രവർത്തിക്കുന്ന മറ്റത്തിൽ ജനസേവാ മെഡിക്കൽസിന് നേരെയാണ് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്.


കോട്ടയം : തോട്ടയ്ക്കാട്ട് മെഡിക്കൽ സ്റ്റോറിന് നേരേ ആക്രമണം
ലഹരി മരുന്നായി ഉപയോഗിക്കാൻ ഉറക്ക ഗുളിക വാങ്ങുന്നതിന് വ്യാജ കുറിപ്പടിയുമായി എത്തിയ യുവാക്കൾക്ക് മരുന്നു നൽകാത്തതിന്റെ പേരിൽ കോട്ടയം തോട്ടയ്ക്കാട്ട് മെഡിക്കൽ സ്റ്റോറിന് നേരെ അക്രമവും ജീവനക്കാർക്ക് ഭീഷണിയും. ഞായറാഴ്ച വൈകിട്ട് 5.45 നാണ് തോട്ടയ്ക്കാട് ആശുപത്രിപടിക്ക് സമീപം പ്രവർത്തിക്കുന്ന മറ്റത്തിൽ ജനസേവാ മെഡിക്കൽസിന് നേരെ ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. വൈകിട്ടോടെ സ്കൂട്ടറിൽ എത്തിയ മൂന്ന് യുവാക്കളാണ് കുറിപ്പടി നൽകിയശേഷം ഉറക്ക ഗുളിക ആവശ്യപ്പെട്ടത്. എന്നാൽ കുറുപ്പടി വ്യാജമാണെന്ന് കണ്ടെത്തിയ മെഡിക്കൽ സ്റ്റോർ ജീവനക്കാർ മരുന്ന് നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതരായ യുവാക്കൾ മെഡിക്കൽ സ്റ്റോറിന്റെ കൗണ്ടറിൽ ഉണ്ടായിരുന്ന സാധനങ്ങൾ തട്ടിമറിച്ചിട്ടു. തുടർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. അക്രമ പ്രവർത്തനം കണ്ട് പ്രദേശത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ അനിലും സജിയും മെഡിക്കൽ സ്റ്റോറിലേക്ക് ഓടിയെത്തി. എന്നാൽ ഇരുവരെയും മർദ്ദിച്ച അക്രമി സംഘം, ഞങ്ങൾ മടങ്ങി വരുമ്പോൾ കാണിച്ചു തരാം എന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പോയത്. ഇതിനുശേഷം സംഭവസ്ഥലത്ത് മടങ്ങി എത്തിയ അക്രമി സംഘം കടയിലേക്ക് ചെടിച്ചട്ടി വലിച്ചെറിയുകയും കാണിച്ചു തരാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമികളിൽ നിന്നും ഭീഷണി
നേരിടുന്ന സാഹചര്യത്തിൽ കടയുടമ വാകത്താനം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഹരിക്കായി ഉറക്കം ഗുളികകളും മാനസിക രോഗികൾക്ക് നൽകുന്ന ഗുളികകളും ഉപയോഗിക്കുന്നത് വ്യാപകമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരി മരുന്ന് നൽകാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോറുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നതാണ്. സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Previous Post Next Post