കോട്ടയത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ്





കോട്ടയം: കോട്ടയം ജില്ലയിൽ അതിതീവ്രമഴ. വെള്ളിയാഴ്ച മുതൽ തീക്കോയി, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മീനച്ചിലാറിന്‍റെയും മണിമലയാറിന്‍റെയും കൈവഴികളിൽ ജനനിരപ്പ് ഉയർന്നിട്ടുണ്ട്. മൂന്നിലവ്- വാക്കാട് റോഡിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 19ന് ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ സഹകരിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കണമെന്നും നിർദേശമുണ്ട്.


Previous Post Next Post