'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

തിരുവനന്തപുരം: കെപിസിസിസി പ്രസിഡന്റു സ്ഥാനം തിടുക്കപ്പെട്ട് ഏറ്റെടുക്കേണ്ടതില്ലെന്ന് കെ സുധാകരന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന സുധാകരന്‍, വോട്ടെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ വീണ്ടും പദവി ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോഴാണ് നേതൃത്വത്തിന്റെ നടപടി. സുധാകരന്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ എംഎം ഹസന് ചുമതല കൈമാറിയിരുന്നു.

തെരഞ്ഞെടുപ്പു ഫലം വരുന്ന ജൂണ്‍ നാലു വരെ ഹസന്‍ സ്ഥാനത്തു തുടരട്ടെയെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഹൈക്കമാന്‍ഡ് ഇതിനൊപ്പമാണെന്നാണ് സൂചനയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്‍ ജൂണ്‍ നാലിനു ശേഷം ചുമതലയേറ്റാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നിലപാടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുമതലയേല്‍ക്കുന്നതു സംബന്ധിച്ച് സുധാകരന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. സുധാകരനു വേണ്ടി എം ലിജുവാണ് വേണുഗോപാലിനെ കണ്ടു സംസാരിച്ചത്. ഇന്നത്തെ മൂന്നാം ഘട്ട വോട്ടെടുപ്പു വരെ കാക്കാനാണ് വേണുഗോപാല്‍ സുധാകരനെ അറിയിച്ചിട്ടുള്ളത്.

സുധാകരന്‍ വീണ്ടും നേതൃത്വത്തില്‍ വരുന്നതിനോട് സംസ്ഥാനത്തെ വലിയൊരു വിഭാഗത്തിന് താത്പര്യമില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ നേട്ടം ഉണ്ടായാല്‍ അതിന്റെ ക്രെഡിറ്റ് സുധാകരനു മാത്രമായി പോവുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ട്. ഇതിന്റെ ഭാഗമാണ്, വീണ്ടും ചുമതല നല്‍കുന്നതു നീണ്ടുപോവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


Previous Post Next Post