അമിത് ഷായുടെ വ്യാജ വീഡിയോ : അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ


മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ഐടി സെൽ അംഗങ്ങളെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

ഡീപ് ഫേക്ക് ടെക്‌നോളജി ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയവരെ ഉടൻ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വീഡിയോ അപ്‌ലോഡ് ചെയ്യുകയും ഫോർവേഡ് ചെയ്യുകയും ചെയ്തവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

രേവന്ത് റെഡ്ഡി തൻ്റെ എക്‌സ് അക്കൗണ്ടിൽ അമിത് ഷായുടെ വ്യാജ വീഡിയോ ഷെയർ ചെയ്തിരുന്നു. അതിൻ്റെ ഭാഗമായിരുന്നു നോട്ടീസ്.തെലങ്കാന മുഖ്യമന്ത്രിക്കും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അംഗങ്ങളായ ശിവ കുമാർ അംബാല, അസ്മ തസ്ലീം, സതീഷ് മന്നെ, നവീൻ പെട്ടേം എന്നിവർക്കും ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 91, 160 പ്രകാരമായിരുന്നു സമൻസ് അയച്ചത്.

അതേസമയം, കേന്ദ്ര സർക്കാർ ഡൽഹി പോലീസിനെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയാണെന്നും താൻ ഭയന്നു പിന്നോട്ടുമാറില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കൈയിലെ കളിപ്പാവയായി ഡൽഹി പോലീസ് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപണം.
Previous Post Next Post