തൃശ്ശൂരില്‍ കെ മുരളീധരന്റെ അനുയായിയായ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ മുരളീധരന്റെ അനുയായിയായ കോണ്‍ഗ്രസ് നേതാവ് സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തി. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ വിഭാഗീയതയെന്നാണ് സൂചന.

 നേരത്തെ തൃശ്ശൂര്‍ ഡിസിസി ഓഫീസിനകത്ത് നിന്ന് സജീവന്‍ കുരിച്ചിറയ്ക്ക് മര്‍ദനമേറ്റിരുന്നു. ഡിസിസി പ്രസിഡന്‍റും കൂട്ടരും മര്‍ദിച്ചെന്നായിരുന്നു സജീവന്റെ പരാതി. സജീവനെ മര്‍ദിച്ചത് ചോദ്യംചെയ്ത് കൂടുതല്‍ പ്രവര്‍ത്തകരെത്തിയതോടെ രംഗം വഷളായി. ഇതോടെ ഇരുചേരിയായി തിരിഞ്ഞ് പോര്‍വിളിയും കയ്യാങ്കളിയുമായി. മുരളീധരന്‍റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്‍റും നേതൃത്വവും മാറണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജി വെച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഡിസിസി ഓഫീസിലെത്തിയാണ് ജോസ് വള്ളൂര്‍ രാജി പ്രഖ്യാപിച്ചത്. ഡിസിസി ഓഫീസിലെ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുകയാണെന്ന് എം പി വിന്‍സെന്റ് വ്യക്തമാക്കി. ഡിസിസി ഓഫീസില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നതെന്നും എം പി വിന്‍സെന്റ് പറഞ്ഞു. 
Previous Post Next Post