വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് പോലും മാസപ്പടി വാങ്ങി; ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. അനാഥാലയങ്ങളിൽ നിന്ന് പോലും വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചു.

രജിസ്ട്രാർ ഓഫ് കമ്പനിസിന്‍റെ രേഖകളിൽ നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകൾ ഓരോ അനാഥാലയങ്ങളിൽ നിന്ന് മാസം തോറും മാസപ്പടി വാങ്ങുന്നതെന്നും കുഴൽനാടൻ ചോദിച്ചു.

അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി വാങ്ങിയിട്ടില്ലെന്ന് നിഷേധിക്കാൻ സാധിക്കുമോ?. ഇങ്ങനെ താങ്ങിയും സംരക്ഷിച്ചുമാണ് സി.പി.എം ഈ ഗതിയിലായത്. തന്‍റെ ആരോപണം വസ്തുതാപരമായി തെറ്റാണെങ്കിൽ നിങ്ങൾക്ക് നിഷേധിക്കാമെന്നും കുഴൽനാടൻ ചൂണ്ടിക്കാട്ടി.

അതേസമയം, സ്ഥിരമായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ചട്ടവും ക്രമവും പാലിക്കാത്ത ഒരു വാക്കും സഭാ രേഖകളിൽ കാണില്ലെന്നും സ്പീക്കർ എൻ. ഷംസീർ സഭയെ അറിയിച്ചു. കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയിൽ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. Previous Post Next Post