മോദിക്കു പിന്നില്‍ ഒറ്റക്കെട്ട്, പിന്തുണ ഉറപ്പിച്ച് നിതീഷും നായിഡുവും; മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക്




ന്യൂഡല്‍ഹി: എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ബിജെപി ലോക്‌സഭ കക്ഷി നേതാവായും എന്‍ഡിഎ മുന്നണി നേതാവായും മോദിയെ യോഗത്തില്‍ തെരഞ്ഞെടുത്തു.

എന്‍ഡിഎ മുന്നണി നേതാക്കളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരും മോദിയെ നേതാവാക്കിക്കൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ചു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ മോദിയെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദി. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. ഇന്ന് ഇന്ത്യക്ക് ശരിയായ ഒരു നേതാവ് ഉണ്ട് - അതാണ് നരേന്ദ്ര മോദി. നായിഡു അഭിപ്രായപ്പെട്ടു.

മോദിക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് നല്ല കാര്യമാണ്. ഞായറാഴ്ച പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ മോദി ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നു തന്നെ സത്യപ്രതിജ്ഞ ചെയ്താലും വേണ്ടില്ല, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും. മോദിയുടെ നേതൃത്വത്തില്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ഏറെ വൈകാരികമായ നിമിഷമാണെന്നും, ഏകകണ്‌ഠേനെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്നും നരേന്ദ്രമോദി പറഞ്ഞു. എന്‍ഡിഎ വിജയിച്ച മുന്നണിയാണ്. എന്‍ഡിഎയ്ക്ക് സഖ്യകക്ഷികളുമായി ഉലയാത്ത ബന്ധമാണുള്ളത്. എന്‍ഡിഎ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്രമോദിയും എന്‍ഡിഎ നേതാക്കളും രാഷ്ട്രപതിയെ കാണും. എന്‍ഡിഎ കക്ഷികളുടെ പിന്തുണക്കത്തും രാഷ്ട്രപതിക്ക് കൈമാറും. ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.



Previous Post Next Post