സംസ്ഥാനത്തെ കർഷകരുടെ കടം എഴുതിത്തള്ളാനുള്ള നിർണായക നീക്കവുമായി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ


ഹൈദരാബാദ്: സംസ്ഥാനത്തെ കർഷകരുടെ കടം എഴുതിത്തള്ളാനുള്ള നിർണായക നീക്കവുമായി തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. കർഷകരുടെ രണ്ട് ലക്ഷം രൂപ വ​​​രെയുള്ള കടം എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഢി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.‘രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളാൻ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ സർക്കാർ 10 വർഷത്തെ ഭരണത്തിൽ 28,000 കോടി രൂപയുടെ കാർഷിക കടങ്ങൾ മാത്രമാണ് എഴുതിത്തള്ളിയത്. വായ്പ എഴുതിത്തള്ളുന്നതിന് സംസ്ഥാന ട്രഷറിക്ക് ഏകദേശം 31,000 കോടി രൂപ ചെലവ് വരുമെന്നും ഇതിന്റെ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും’ റെഡ്ഢി പറഞ്ഞു.

‘കർഷകരുടെ ക്ഷേമത്തിനായാണ് സർക്കാർ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാർ പത്ത് വർഷമായി കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. സംസ്ഥാനത്ത് അധികാരത്തിൽ വന്ന് എട്ട് മാസത്തിനുള്ളിൽ ഞങ്ങളുടെ സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റുകയാണ്ണ് -റെഡ്ഢി പ്രസ്താവനയിൽ പറഞ്ഞു.കർഷകരുടെ നിക്ഷേപ സഹായ പദ്ധതിയായ ‘റൈതു ഭരോസ’യുടെ നടപടിക്രമങ്ങൾ അന്തിമമാക്കുന്നതിന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്നും റെഡ്ഡി പ്രഖ്യാപിച്ചു. മന്ത്രിസഭാ ഉപസമിതി രാഷ്ട്രീയ പാർട്ടികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചന നടത്തി ജൂലൈ 15 നകം റിപ്പോർട്ട് സമർപ്പിക്കും.

തെലങ്കാന സർക്കാറിന്റെ തീരുമാനത്തെ ‘ചരിത്രപരം’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു. ‘കിസാൻ ന്യായ് (കർഷക നീതി) നിറവേറ്റുന്നതിനുള്ള ദൃഢനിശ്ചയത്തോടെയുള്ള ചുവടുവെപ്പാണിതെന്നും കോൺഗ്രസ് എം.പി പറഞ്ഞു. തന്റെ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് ഈ വർഷം ആദ്യം രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.‘തെലങ്കാനയിലെ കർഷക കുടുംബങ്ങൾക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ 2 ലക്ഷം രൂപ വരെയുള്ള എല്ലാ വായ്പകളും എഴുതിത്തള്ളിക്കൊണ്ട് ‘കിസാൻ ന്യായ്’ എന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി കോൺഗ്രസ് സർക്കാർ ചരിത്രപരമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇത് 40 ലക്ഷത്തിലധികം കർഷക കുടുംബങ്ങളെ കടക്കെണിയിൽനിന്ന് രക്ഷിക്കും. ഞാൻ എന്ത് പറഞ്ഞുവോ അത് ചെയ്തിരിക്കുന്നു. ഇതാണ് എന്റെ ശീലവും ഉദ്ദേശ്യവും. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് കോൺഗ്രസ് സംസ്ഥാന ഖജനാവിൽനിന്ന് ചെലവഴിക്കും എന്നതിന്റെ ഉറപ്പാണി​തെന്നും ‘എക്‌സി’ലെ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.
Previous Post Next Post