മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം
ആലപ്പുഴ: മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.

കലയുടെ ഭർത്താവ് അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവി‍ൽ അനിൽ ഒഴികെ മൂന്ന് പ്രതികൾ കസ്റ്റഡിയിലുണ്ട്. ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് ചെങ്ങന്നൂർ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും.

കേസിലെ ഒന്നാം പ്രതിയായ അനിൽകുമാറിനെ രണ്ടു ദിവസത്തിനകം നാട്ടിൽ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. അനിൽകുമാർ ഇസ്രയേലിൽ പൊലീസിന്റെ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ നാല് പേരും ചേർന്ന് കലയെ കാറിൽ വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യ സാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്.
Previous Post Next Post