'രക്തരക്ഷസ്' തിരിച്ചുവരുന്നു; കലാനിലയത്തിനു കൂട്ടായി ഏരീസ്


കൊച്ചി: കേരളത്തിന്‍റെ അഭിമാനവും ഗൃഹാതുരത്വവുമായ കലാനിലയം സ്ഥിരം നാടകവേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്‍റെ കൊച്ചി ബ്രാഞ്ച് ഓഫീസില്‍ വച്ച് കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയിയും കരാറില്‍ ഒപ്പുവച്ചു. 'ഏരീസ് കലാനിലയം ആര്‍ട്‌സ് & തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ്‌' എന്ന പേരിലായിരിക്കും കലാനിലയം ഇനി അറിയപ്പെടുക. അതിനൂതന ദൃശ്യ ശ്രവ്യ മികവോടെ ആദ്യം അവതരിപ്പിക്കുക കലാനിലയത്തിന്‍റെ അതിപ്രശസ്തമായ നാടകം 'രക്തരക്ഷസ്' തന്നെയായിരിക്കും.
ഡോള്‍ബി അറ്റ്‌മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്‍റെ പ്രദര്‍ശനം. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതും ലക്ഷ്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട് മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം.