പാലക്കാട് എരുത്തേമ്പതിയിൽ വൻ സ്പിരിറ്റ് ശേഖരം പിടികൂടി. എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പിൽ നിന്നാണ് കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റ് കേരള പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിലെ കള്ളാകുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിന് പിന്നാലെ ചെക്ക് പോസ്റ്റുകളിലും അതിർത്തി ഗ്രാമങ്ങളിലും കേരള പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം പോലീസ് കണ്ടെത്തിയത്. 32 ലിറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് കന്നാസുകളിലാക്കി രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റാണ് തെങ്ങിൻ തോപ്പിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ തെങ്ങിൻതോപ്പിലെ ജീവനക്കാരനായ സെന്തിലിനെ പൊലീസ് പിടികൂടി.കള്ളിൽ ചേർക്കാനായി എത്തിച്ച സ്പിരാറ്റണ് കണ്ടെത്തിയതെന്നും, സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.