ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.
അഭിഭാഷകൻ മാത്യു നെടുമ്പാറ ആണ് ഹർജി നല്‍കിയത്.
2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. കേരളത്തിന് ഡാമില്‍ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികള്‍ നിയമപരമായി തെറ്റെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയില്‍ ആവശ്യമുണ്ട്.
വയനാട് ദുരന്തത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നത്. മുല്ലപ്പെരിയാർ ഡാം ഡികമ്മിഷൻ ചെയ്യണം എന്നാവശ്യവുമായി താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.
മുല്ലപ്പെരിയാർ ഡാമിന്‍റെ പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് സുപ്രീം കോടതി. 1886ല്‍ തിരുവിതാംകൂർ സംസ്ഥാനവും ബ്രിട്ടീഷ് സർക്കാറും തമ്മിലുണ്ടാക്കിയ മുല്ലപ്പെരിയാര്‍ കരാറിന് പുതിയസാഹചര്യത്തില്‍ നിലനില്‍പ്പുണ്ടോയെന്നും സ്വാതന്ത്ര്യാനന്തരം അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണോ കേന്ദ്ര സർക്കാരിനാണോയെന്നും സുപ്രീം കോടതി പരിശോധിക്കും.