അമേരിക്കയിലെ ബംഗ്ലാദേശ് കോൺസുലേറ്റിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ; മുജീബുർ റഹ്മാന്റെ ഛായാചിത്രം എടുത്തുകളഞ്ഞു



ന്യൂയോർക്ക് : ബംഗ്ലാദേശിന് പിന്നാലെ ന്യൂയോർക്കിലെ ബംഗ്ലാദേശ് കോൺസുലേറ്റും അക്രമണത്തിനിരയാക്കി പ്രതിഷേധക്കാർ. ന്യൂയോർക്കിലെ ബംഗ്ലാദേശ് കോൺസുലേറ്റിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ചിത്രം എടുത്തുമാറ്റി.

ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിഷേധക്കാർ കോൺസുലേറ്റിലേക്ക് കയറി ബംഗ്ലാദേശ് സ്ഥാപകന്റെ ഛായാചിത്രങ്ങളും മറ്റു വസ്തുക്കളും എടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു ചിലർ ബംഗ്ലാദേശ് പതാകയുടെ നിറമുള്ള തൊപ്പി ധരിച്ച് ബഹളമുണ്ടാക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രതിഷേധത്തിലൂടെ ആരംഭിച്ച പ്രക്ഷോഭം കലാപത്തിൽ അവസാനിക്കുകയായിരുന്നു. ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളായ 77കാരി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് കലാപകാരികൾ രാജ്യത്ത് അഴിഞ്ഞാടി. കഴിഞ്ഞ ഞായറാഴ്ച മാത്രം നൂറോളം പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് ഷെയ്ഖ് ഹസീന രാജിവച്ച് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. 
Previous Post Next Post