ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോട്ടിന്‍റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ള സിനിമാ കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി എം.ബി. രാജേഷ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങിയിരിക്കുന്നു. കോണ്‍ക്ലേവിന്‍റെ വിശദാംശങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നതെന്നും അദ്ദേഹം ചോദിച്ചു.
'സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്' മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്‍റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. ആ നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ രഹസ്യ സ്വഭാവത്തിന്‍റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് രാജേഷ് പറഞ്ഞു.