തൃശ്ശൂർ: തൃശ്ശൂരിൽ രണ്ടിടങ്ങളിൽ നിന്നായി എക്സൈസ് സംഘം പിടികൂടിയത് 20,000 ലിറ്റർ സ്പിരിറ്റ്. തൃശ്ശൂരിലെ ചെമ്പൂത്ര, മണ്ണുത്തി എന്നിവിടങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. തൃശ്ശൂർ ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരാഴ്ചയിൽ അധികം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് എക്സൈസ് സംഘം സ്പിരിറ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്.
ചെമ്പൂത്ര ദേശീയപാതയോരത്തെ രഹസ്യ ഗോഡൗണിൽ നിന്നും മാത്രം18,000 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 35 ലിറ്റർ സ്പിരിറ്റ് വീതം 500 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. ദേശീയപാതയോരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്ക്ക് എടുത്ത് കാലിത്തീറ്റ വിപണന-സംഭരണ കേന്ദ്രത്തിന്റെ മറവിലാണ് സ്പിരിറ്റ് കച്ചവടം നടത്തിയിരുന്നത്. ഗോഡൗണിന്റെ പൂട്ട് തകർത്താണ് എക്സൈസ് സംഘം അകത്തു കയറിയത്. ഗോഡൗണിനകത്ത് രഹസ്യമായ അറ ഉണ്ടാക്കി അതിനകത്താണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. രണ്ടുമാസത്തോളമായി ഇവിടെ കാലിത്തീറ്റ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.