തിരുപ്പതി ലഡുവില്‍ നിര്‍മ്മാണത്തിന് മായം കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചതിന്റെ തെളിവ് എവിടെയെന്ന് സുപ്രീം കോടതി ആരാഞ്ഞു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ പൊതുപ്രസ്താവന ഇറക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നു? ഉന്നത ഭരണഘടനാ പദവി കൈകാര്യം ചെയ്യുന്നയാള്‍ ഇത്തരത്തില്‍ പെരുമാറിയതില്‍ കോടതി അതൃപ്തി അറിയിച്ചു.
മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനാ പദവി വഹിക്കുമ്പോള്‍, നിങ്ങള്‍ ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തവിട്ടുണ്ടെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുന്നതിന്റെ ആവശ്യം എന്തിനായിരുന്നുവെന്നും' കോടതി ചോദിച്ചു. കേസെടുക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുന്നതിനും മുന്പേ, കോടാനുകോടി വിശ്വാസികളെ ബാധിക്കുന്ന വിഷയത്തില്‍ പൊതു പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനം തുടരണോ അതോ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണോയെന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജികള്‍ ഒക്ടോബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ലഡു തയാറാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിരുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചതിനെ തുടര്‍ന്നാണ് തിരുപ്പതി ക്ഷേത്രം വന്‍ വിവാദത്തിന്റെ കേന്ദ്രമായത്.