ടോയ്‌ലെറ്റിൽ ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?






ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം മിക്ക ആളുകളും ശീലമാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്നും അറിഞ്ഞിരിക്കണം. യൂട്യൂബിലെ ഷോര്‍ട്‌സോ, ഇൻസ്റ്റാഗ്രാമിൽ റീൽസോ എന്തുവേണമെങ്കിലും കാണാം, വായിക്കാം, ആസ്വദിക്കാം പക്ഷെ എല്ലാം ടോയ്ലറ്റിന് പുറത്തു വരെ ഉണ്ടാകാവു.

ടോയ്‌ലറ്റിലേക്ക്‌ മൊബൈല്‍ മാത്രമല്ല പുസ്‌തകവും പത്രവും കൊണ്ട്‌ പോകുന്നത്‌ അത്ര നല്ല ശീലമല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മൊബൈൽ ഉപയോഗിക്കുമ്പോൾ കൂടുതൽ സമയവും ടോയ്‌ലെറ്റിൽ തന്നെ ചിലവഴിക്കുന്നു എന്നത് തന്നെയാണ് പ്രധാന പ്രശ്നം. ഇത് നമ്മളിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്നു. ഇതിലൂടെ പൈൽസ്, മലബന്ധം, മറ്റ് കുടൽ പ്രശ്നങ്ങൾ വരെ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. കൂടാതെ ഒരുപാട് നേരം വളഞ്ഞിരിക്കുന്നത് കഴുത്തു വേദനയ്ക്കും നടുവേദനയ്ക്കും കാരണമാകുന്നു. ഏഴ്‌ മിനിറ്റില്‍ കൂടുതല്‍ ഒരാള്‍ ടോയ്‌ലറ്റില്‍ ചെലവഴിക്കാന്‍ പാടില്ല. പരമാവധി 10 മിനിറ്റ്. 

 ടോയ്‌ലെറ്റിലെ മങ്ങിയ വെളിച്ചത്തിലിരുന്ന് മൊബൈൽ ഉപയോഗിക്കുന്നത് പലതരം കാഴ്ച പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. കൂടാതെ അണുക്കള്‍ അധികമുള്ള ടോയ്‌ലറ്റ്‌ പോലുള്ള ഇടങ്ങളിലേക്ക്‌ ഫോണുമായി പോകുന്നത്‌. അണുക്കള്‍ ഫോണിലേക്കും പിന്നീട്‌ നമ്മുടെ കൈകളിലും, കൈകള്‍ വഴി വയറ്റിനുള്ളിലേക്ക് പകരുന്നതിനും കാരണമാകുന്നു. ഇതുമൂലം പല തരത്തിലുള്ള രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. ഇത്തരം ആരോഗ്യ പ്രശ്നങ്ങളിൽ നിന്നെല്ലാം രക്ഷപെടാനുള്ള ഏറ്റവും നല്ല മാർഗം ടോയ്ലറ്റിനുള്ളിൽ മൊബൈൽ കൊണ്ടുപോകാതിരിക്കുക എന്നത് മാത്രമാണ്.


Previous Post Next Post