കോട്ടയം :മലയാള പത്രങ്ങള്‍ വില കൂട്ടുന്നു. പ്രചാരത്തില്‍ മുന്‍പിലുള്ള ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേജുകള്‍ മാത്രമാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. കോവിഡ് ഉണ്ടാക്കിയ ബിസിനസ് മാന്ദ്യത്തിൻ്റെ ശേഷം മലയാളത്തിലെ പത്രങ്ങളെല്ലാം പേജുകൾ കുറച്ച് ശോഷിച്ച അവസ്ഥയിലാണ്. ഇതേ നിലയിൽ മുന്നോട്ട് പോകുമ്പോള്‍ തന്നെയാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പത്രങ്ങള്‍ എടുത്തിരിക്കുന്നത്.
മാതൃഭൂമി പത്രമാണ് വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 പൈസയാണ് മാതൃഭൂമി പത്രത്തിന്റെ ഒരു കോപ്പിയുടെ വില. ഞായറാഴ്ചകളില്‍ ഇത് 9.00 രൂപയാണ്. ഇപ്പോള്‍ ഒരു കോപ്പിക്ക് 50 പൈസയാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കോപ്പിയുടെ വില 9.00 രൂപയും ഞായറാഴ്ചകളില്‍ 9.50 രൂപയുമാകും.
സെപ്തംബര്‍ 23 മുതലാണ് വില വര്‍ധന എന്നാണ് മാതൃഭൂമിയുടെ പ്രഖ്യാപനം. “രണ്ട് വര്‍ഷത്തിലേറെയായി വില വര്‍ധിപ്പിച്ചിട്ടില്ല. വില കൂടാത്ത ഒരേ ഒരു ഉത്പന്നം പത്രം മാത്രമാണ്. ഉത്പാദന ചെലവിലുണ്ടായ വര്‍ധന കാരണം പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധന.” – മാതൃഭൂമി പറയുന്നു. വായനക്കാര്‍ സഹകരിക്കണം എന്നും പത്രത്തിന്റെ അഭ്യര്‍ത്ഥനയുണ്ട്.
മാതൃഭൂമിയാണ് വിലവര്‍ധന ആദ്യം പ്രഖ്യാപിക്കുന്നത് എങ്കിലും മനോരമയും മറ്റു പത്രങ്ങളും ഉടന്‍ തന്നെ വില വര്‍ധിപ്പിച്ചേക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് മലയാളം പത്രങ്ങളാണ്. ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ കൂടുതല്‍ വിലയാണ് മലയാള പത്രങ്ങള്‍ക്ക്. ഇംഗ്ലീഷ് പത്രങ്ങളുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഹിന്ദു കേരളത്തില്‍ ഈടാക്കുന്നത് കോപ്പിക്ക് എട്ടു രൂപയാണ്. ടൈംസ് ഓഫ് ഇന്ത്യ കോപ്പിക്ക് 7 രൂപയും. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് കോപ്പിക്ക് 9.00 രൂപ വാങ്ങുന്നത്. ഇപ്പോള്‍ അതിലും വലിയ വര്‍ധനയാണ് മലയാള പത്രങ്ങള്‍ വരുത്തുന്നത്.
ഇംഗ്ലീഷ് പത്രങ്ങളുടെ വില മറ്റ് സംസ്ഥാനങ്ങളില്‍ താരതമ്യേന വളരെ കുറവാണ്. കര്‍ണാടകയില്‍ ടൈംസ് ഓഫ് ഇന്ത്യ ഈടാക്കുന്നത് കോപ്പിക്ക് പരമാവധി ആറു രൂപവരെയാണ്. ഡെക്കാന്‍ ഹെറാള്‍ഡ് വാങ്ങിക്കുന്നത് ഏഴ് രൂപയും. ഹിന്ദുവും സമാന വില തന്നെയാണ് ഈടാക്കുന്നത്. മലയാള പത്രങ്ങള്‍ കേരളത്തില്‍ വില കൂട്ടുന്നതുകൊണ്ടാണ് ഇംഗ്ലീഷ് പത്രങ്ങളും കേരളത്തില്‍ ഇതേ വഴിയില്‍ സഞ്ചരിക്കുന്നത്.
പത്രവ്യവസായത്തിൽ വരുമാനത്തിൻ്റെ സിംഹഭാഗവും പരസ്യങ്ങളിലൂടെ ആണെന്നിരിക്കെ ഒരു പത്രവും വരിസംഖ്യയെ ആശ്രയിച്ചല്ല നിലനിൽക്കുന്നത്. തുലോം തുച്ഛമായ വരുമാനം മാത്രമേ അതുവഴി ഉണ്ടാകുന്നുള്ളൂ. എന്നിട്ടും മുന്നോട്ട് പോകാൻ ഒരു വഴിയുമില്ല എന്നാണ് ഓരോ തവണ വില കൂട്ടുമ്പോഴും എല്ലാ പത്രങ്ങളും അവകാശപ്പെടുന്നത്. ന്യൂസ് പ്രിൻ്റിൻ്റെയും അച്ചടിമഷിയുടെയും ചിലവുകളുടെ കണക്കാണ് ഇങ്ങനെ എടുത്ത് പറയുന്നത്. ഉൾപേജ് പരസ്യത്തിന് പോലും ലക്ഷങ്ങൾ ഈടാക്കുന്ന പ്രധാന പത്രങ്ങൾ അടക്കം എല്ലാവരും ഇതിൽ ഒറ്റക്കെട്ടാണ്.