അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല; അരവിന്ദ് കെജരിവാളിന് ജാമ്യം



ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അഞ്ചരമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്.

സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീംകോടതി, വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, ജൂണ്‍ 26 നാണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജൂലൈ 12 ന് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇഡി അറസ്റ്റ്  ചോദ്യം ചെയ്ത ഹര്‍ജി വിശാല ബെഞ്ചിന് വിടുകയും ചെയ്തു. എന്നാല്‍ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനാല്‍ തിഹാര്‍ ജയിലില്‍ നിന്നും മോചിതനായിരുന്നില്ല.

കെജരിവാളിന് ജാമ്യം നല്‍കുന്നതിനെ സിബിഐ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവര്‍ക്കും, ബി ആര്‍എസ് നേതാവ് കെ കവിതയ്ക്കും ജാമ്യം ലഭിച്ചിരുന്നു.
Previous Post Next Post