മുദ്രപ്പത്ര ക്ഷാമത്തില്‍ സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി


ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നൂറുരൂപയുടെ 9,37,646 മുദ്രപ്പത്രങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ വെണ്ടര്‍മാര്‍ക്ക് വിതരണം ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ട്രഷറികളിലെ 20 രൂപയുടെ 12,22,679 മുദ്രപ്പത്രങ്ങള്‍ സെപ്തംബറിനകം പുനര്‍മൂല്യനിര്‍ണയം നടത്തി വിതരണം ചെയ്യുമെന്നും ഉറപ്പ് നല്‍കി. ഇതേതുടര്‍ന്നാണ് ഹൈക്കോടതി കൃത്യമായ സമയം നിശ്ചയിച്ചത്.

നാസിക് സെന്‍ട്രല്‍ സെക്യൂരിറ്റി പ്രസില്‍ ആറുലക്ഷം മുദ്രപ്പത്രങ്ങള്‍ വിതരണത്തിന് തയ്യാറാണെന്നും ക്ഷാമം പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്നാല്‍, നാസിക് പ്രസിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ആറുമാസമായി ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

ഇതോടെ 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തി വിതരണം ചെയ്യാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. മുദ്രപ്പത്രക്ഷാമത്തില്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി പി ജ്യോതിഷ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം.
Previous Post Next Post