പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്.മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വരുന്ന വഴിയിൽ വെള്ളം കെട്ടിക്കിടന്നിടത്ത് വൈദ്യുതലൈൻ പൊട്ടി വീണിരുന്നു. ഈ വിവരം മിഥുൻ അറിഞ്ഞിരുന്നില്ല. പശു വെള്ളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുന് ഷോക്കേറ്റത്. മിഥുന്റെ ശബ്ദം കേട്ടാണ് ബാക്കിയുളളവർ ഓടിയെത്തിയത്.
മിഥുനെ രക്ഷിക്കുന്നതിനിടയിൽ ബാക്കി മൂന്നുപേരും മരിച്ചു. വിവരം അറിഞ്ഞയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്. എല്ലാവരെയും നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല