ഇടതു നേതാവ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കൻ പ്രസിഡന്‍റ്






കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് അനുര കുമാര ദിസനായകെയ്ക്ക് വിജയം. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിലെ പ്രധാന കക്ഷിയായ മാർക്സിസ്റ്റ് ജനതാ വിമുക്തി പെരമുന (ജെവിപി)യുടെ നേതാവാണ് അമ്പത്താറുകാരൻ ദിസനായകെ. ദ്വീപ് രാഷ്‌ട്രത്തിന്‍റെ ഒമ്പതാം പ്രസിഡന്‍റായി അദ്ദേഹം അധികാരമേൽക്കും.


ഇപ്പോഴത്തെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവരെ മറികടന്നാണു ദിസനായകെയുടെ വിജയം. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാംവട്ടം വോട്ടെണ്ണൽ വേണ്ടിവന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആദ്യഘട്ടം വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രണ്ടാംവട്ടം വോട്ടെണ്ണൽ. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവർക്കു ലഭിച്ച രണ്ടാം വോട്ടുകളും മൂന്നാം വോട്ടുകളുമാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. മൂന്നു മുതൽ താഴേക്കുള്ള സ്ഥാനങ്ങളിലുള്ളവരെ ഈ ഘട്ടത്തിൽ പരിഗണിച്ചില്ല.
ഇന്നലെ ആദ്യവട്ടം വോട്ടെണ്ണലിൽ ദിസനായകെയ്ക്ക് 42.31 ഉം പ്രേമദാസയ്ക്ക് 32.76 ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. വിക്രമസിംഗെ 17 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ മകനും എംപിയുമായ നമൽ രജപക്സെയ്ക്ക് 2.5 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്. സദ്ഭരണം കാഴ്ചവയ്ക്കുമെന്നും അഴിമതിവിരുദ്ധ നടപടികൾ സ്വീകരിക്കുമെന്നും വിജയമുറപ്പിച്ച ദിസനായകെ പറഞ്ഞു.
Previous Post Next Post