സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 19നാണ് ശ്വാസകോശ അണുബാധയെ തുടർന്ന് യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
ആന്ധ്ര ഗോദവരി സ്വദേശിയാണ് യെച്ചൂരി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. ജെഎൻയുവിൽ വിദ്യാർഥിയായിരിക്കെയാണ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാകുന്നത്. 1974ൽ എസ്എഫ്‌ഐയിൽ അംഗമായി. മൂന്നു വട്ടം ജെഎൻയു സർവകലാശാ യൂണിയൻ പ്രസിഡന്റായി.
അടിയന്തരാവസ്ഥ കാലത്ത് 1975ൽ അറസ്റ്റിലായി. 1978ൽ എസ്എഫ്‌ഐ ദേശീയ ജോയിന്റ് സെക്രട്ടറിയായി. 1986ൽ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ 32ാം വയസ്സിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
1992ൽ മദ്രാസ് പാർട്ടി കോൺഗ്രസിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത പാർട്ടി കോൺഗ്രസിലും 2022ൽ കണ്ണൂർ പാർട്ടി കോൺഗ്രസിലും തുടർച്ചയായ മൂന്നാം വട്ടവും സിപിഎം ജനറൽ സെക്രട്ടറിയായി.