തിരുവനന്തപുരം: ഉദ്യോഗസ്ഥ നിയന്ത്രണം പാളിയതോടെ രണ്ടാം എൽഡിഎഫ് സർക്കാർ വിയർക്കുന്നു. എഡിജിപി എം.ആർ. അജിത് കുമാർ പൊലീസ് മേധാവിയെ മറികടക്കുന്നു എന്ന ആക്ഷേപം വ്യാപകമായിട്ടും അതിൽ ഇടപെടാനോ പ്രശ്നം പരിഹരിക്കാനോ തയാറാവാതെ മുഖ്യമന്ത്രിയുടെ ഓഫിസും പൊളിറ്റിക്കൽ സെക്രട്ടറിയും കേവലം കാഴ്ചക്കാർ മാത്രമായതാണ് ഇപ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും പിടിച്ചുകുലുക്കിയ വിവാദമായി വളർന്നത്. ഏറ്റവുമൊടുവിൽ തലസ്ഥാനത്ത് 5 ദിവസം കുടിവെള്ള വിതരണം അട്ടിമറിച്ചതിലാണ് ഉദ്യോഗസ്ഥ വീഴ്ച വന്നെത്തി നിൽക്കുന്നത്.
കഴിഞ്ഞയാഴ്ച സർക്കാരിന്‍റെ ഒരുത്തരവും കൂടാതെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ നിലവിലുണ്ടായിരുന്ന എൻജിനീയറിങ് പ്രവേശന രീതി മാറ്റി നിലനിന്ന സംവരണ രീതി അട്ടിമറിക്കുകയായിരുന്നു. അത് വൻ പരാതി ആയപ്പോൾ സംവരണം അട്ടിമറിച്ച് രൂപപ്പെടുത്തിയ വിവാദ പ്രവേശന പട്ടിക സർക്കാർ ഇടപെട്ട് റദ്ദാക്കേണ്ടിവന്നു. ഇതുമൂലം ഒട്ടേറെ വിദ്യാർഥികൾ പ്രവേശനത്തിന് കോളെജുകളിലെത്തി നിരാശരായി മടങ്ങേണ്ടിവന്നു.
വേണ്ടത്ര കൂടിയാലോചനയോ ചർച്ചയോ ഇല്ലാതെ ഉത്തവിറക്കുകയും എതിർപ്പ് രൂക്ഷമാവുമ്പോൾ അത് റദ്ദാക്കി തടിതപ്പുകയും ചെയ്യുന്ന രീതിയാണ് സർക്കാരിന്‍റേത്. സമഗ്രശിക്ഷാ കേരളം പദ്ധതിയിൽ ഒഴിവുവന്ന ജില്ലാ അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലേക്ക് 6 സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിക്കുകയും 2 മാസത്തെ സേവനത്തിനുശേഷം എൻജിഒ യൂണിയന്‍റെ എതിർപ്പിനെ തുടർന്ന് അവരെ തിരികെ വിളിക്കുകയും ചെയ്തത് ഇതിൽ ഏറ്റവുമൊടുവിലത്തേതാണ്.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സർവീസ് നടത്തുന്നതിന് കരാറുണ്ടാക്കിയ ഇ ബസുകൾ മറ്റ് ജില്ലകളിലേക്ക് സർവീസ് നടത്താനുള്ള കെഎസ്ആർടിസി, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം മറ്റൊരുദാഹരണം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി രണ്ടും മൂന്നും വർഷമായി കുഴിച്ച് മറിച്ചിട്ടിരുന്ന റോഡുകൾ വൻ പ്രക്ഷോഭത്തെ തുടർന്ന് സ്കൂൾ തുറക്കുന്നതിനു മുമ്പ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. അതിനുശേഷം മാസങ്ങൾ കഴിഞ്ഞെങ്കിലും ഈ റോഡുകളുടെ പണി മുന്നോട്ടു നീങ്ങിയിട്ടില്ല. അതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം സെക്രട്ടേറിയറ്റിന്‍റെ തൊട്ടുമുന്നിൽ ജനറൽ ആശുപത്രിയിലേക്കുള്ള റോഡാണ്.