അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം. യെച്ചൂരി ക്രിസ്ത്യാനിയാണെന്നും ഹിന്ദു പേരിൽ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണു പ്രചാരണം.ഹിന്ദുത്വ ഹാൻഡിലുകളിൽനിന്നുള്ള പ്രചാരണങ്ങൾക്കെതിരെ ബോളിവുഡ് താരം സ്വര ഭാസ്‌കർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്.യെച്ചൂരിയുടെ ഭൗതികദേഹം എംബാം ചെയ്ത ചിത്രങ്ങൾ പങ്കുവച്ചാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ വ്യാജ അവകാശവാദങ്ങളുമായി എത്തിയിരിക്കുന്നത്. ”അപ്പോൾ യെച്ചൂരി ക്രിസ്ത്യാനിയായിരുന്നുവല്ലേ… അയാൾ ഹിന്ദുമതത്തെ വെറുത്തതിൽ അത്ഭുതമില്ല. എന്നാൽ, സ്വന്തം മതസ്വത്വം എന്തിനാണ് അവരുടെ രാഷ്ട്രീയ ജീവിതത്തിൽ മറച്ചുവയ്ക്കുന്നത്?”-ഇങ്ങനെയാണ് ഒരു എക്‌സ് പോസ്റ്റിലെ അധിക്ഷേപം.
ബ്രാഹ്‌മണ ഹിന്ദുവായി ജനിച്ച സീതാറാം യെച്ചൂരി മരിക്കുന്നത് കത്തോലിക്കാ ക്രിസ്ത്യാനിയായാണെന്നും മതത്തിൽ വിശ്വസിക്കാത്ത കമ്യൂണിസത്തിന്റെ ശക്തിയാണിതെന്ന് ‘ഹിന്ദുത്വ നൈറ്റ്’ എന്ന പേരിലുള്ള ഒരു എക്‌സ് യൂസർ ആക്ഷേപിച്ചു. പുതുവിശ്വാസികളാണ് മറ്റുള്ളവരിലും കൂടുതൽ ഹിന്ദുക്കളെ വെറുക്കുന്നതെന്ന് ‘യൂത്ത് ഫോർ ബിജെപി’ എന്ന എക്‌സ് യൂസർ. എത്രപേരെയാണ് ഹിന്ദു പേരും വച്ച് യെച്ചൂരി കബളിപ്പിച്ചതെന്ന് മറ്റൊരാൾ. ക്രിസ്തുമതത്തിലേക്കു മാറിയവർ ഹിന്ദു നാമങ്ങൾ ഉപയോഗിക്കുന്നതു വിലക്കുന്ന നിയമം കൊണ്ടുവരണമെന്നു മറ്റൊരു എക്‌സ് യൂസറും ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.