സിനിമയിലെ ‘സർവശക്തൻ’മാരെ പിണറായി സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ്; ഹേമ കമ്മറ്റി അമേരിക്കൻ മാധ്യമങ്ങളിലും ചർച്ചയാകുന്നു


ന്യൂയോർക്ക്    മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികൾ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത നൽകിയിരിക്കുകയാണ്. ‘മീടൂവിൽ വിറച്ച് ദക്ഷിണേന്ത്യന്‍ സിനിമ’ എന്നർത്ഥം വരുന്ന തലക്കെട്ടിൽ ഓഗസ്റ്റ് 30നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ടില്‍ സർക്കാർ കൈക്കൊണ്ട നടപടിയിൽ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. റിപ്പോർട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ പണക്കാരെയും ശക്തൻമാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. ഡൽഹിയിൽ നിന്നുള്ള കെ.ബി.പ്രഗതിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവരാൻ കാരണമായ മാധ്യമ ഇടപെടലുകളെയും ന്യൂയോർക്ക് ടൈംസ് പ്രകീർത്തിക്കുന്നുണ്ട്.

നടിക്ക് നേരിട്ട അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ നടൻ ദിലീപ് ജയിലിലായി. വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സർക്കാർ നിർബന്ധിതരായി. എന്നാൽ 2019 സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പൂഴ്ത്തി. പിന്നീട് മാധ്യമങ്ങളും വനിതാ സംഘടനകളും നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ റിപ്പോര്‍ട്ട് പുറത്തു വരാൻ കാരണം എന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു


ഹേമ കമ്മറ്റി രൂപീകരിച്ച സാഹര്യം, വെളിപ്പെടുത്തലുകള്‍, നൽകിയ ശുപാർശകള്‍ എന്നിവയുടെ പ്രസക്തി ആഴത്തിൽ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ഹോളിവുഡിലെ മീടൂ ആരോപണങ്ങൾ തുടങ്ങുന്നതിന് മുമ്പ് ഏറ്റവും പുരോഗമനമെന്ന് വിശേഷണമുള്ള മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ട് തുറന്നു കാട്ടി. 2017ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം മുതൽ കഴിഞ്ഞ മാസം കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വരെ ചൂണ്ടിക്കാട്ടി തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും വാർത്തയിൽ പരാമർശിക്കുന്നു.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് ശേഷം മലയാള സിനിമയാകെ പ്രതിസന്ധിയിലായി ഉലയുകയാണ്. ചലച്ചിത്ര നടൻമാർക്കും പ്രധാന നേതാക്കൾക്കും എതിരെ ലൈംഗിക പീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് താരസംഘടന ‘അമ്മ’ ഭാരവാഹികള്‍ ഒന്നാകെ രാജിവച്ചൊഴിഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ്‌ ഹേമ കമ്മറ്റി.

മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രൂപീകരണം. 2017 ജൂലൈ ഒന്നിന് നിയമിക്കപ്പെട്ട കമ്മറ്റി 2019 ഡിസംബറിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു
Previous Post Next Post