അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാൻ സാധ്യത. 2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിരിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം വർധിച്ച സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറയ്ക്കാൻ സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നീ മൂന്നു കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ധന വില കുറയ്ക്കുന്നതിലൂടെ പണപ്പെരുപ്പത്തിന്‍റെ നിരക്കിൽ കാര്യമായ കുറവുണ്ടാകുമെന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
ഇതിനു മുൻപ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് പെട്രോളിനും ഡീസലിനും വില കുറച്ചത്. നിലവിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിൽ ലിറ്ററിന് 100 രൂപയിൽ കൂടുതൽ ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് വില.