മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തയെ പൂർണമായി നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. പ്രചരിക്കുന്ന വാർത്ത താൻ അറിഞ്ഞിട്ടില്ലെന്നും സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത തെറ്റാണെന്നും ജീത്തു ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയായെന്നും 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം ഒരേ സമയം ഹിന്ദിയിലും ഷൂട്ടിങ് ആരംഭിക്കുമെന്നും ഏപ്രിലിൽ ആകും മൂന്നാം ഭാഗത്തിന്റെ വർക്കുകൾ ആരംഭിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്നും എന്നാൽ കൃത്യമായ രീതിയിൽ ഒരു കഥ ഒത്തുവന്നാൽ മാത്രമേ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കുന്നുള്ളൂ എന്നും ജീത്തു ജോസഫ് മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.