ഫേസ്ബുക്കിനെ കേന്ദ്രീകരിച്ച് മാത്രം നടന്നിരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് കുടി വ്യാപിച്ചതോടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ കര്‍ശന നടപടികളും ഇടപെടലുകളുമായി മെറ്റയുടെ നിയന്ത്രണത്തിലുള്ള പ്രധാന സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമായ ഇന്‍സ്റ്റഗ്രാം



ഫേസ്ബുക്കിനെക്കാള്‍ ഉപയോക്താക്കളുടെ പ്രിയം ഇന്‍സ്റ്റയോട് ആയതോടെയാണ് തട്ടിപ്പ് സംഘങ്ങള്‍ തങ്ങളുടെ വല ഇന്‍സ്റ്റഗ്രാമിനെ ലക്ഷ്യമാക്കിയും വിരിച്ചത്.ഇതോടെ തട്ടിപ്പുകളില്‍ അകപ്പെടുന്നവരുടെ എണ്ണവും കൂടി.

തുടക്കത്തില്‍ കൗമാരക്കാരെയും യുവാക്കളെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത് എങ്കില്‍ ഇപ്പോള്‍ അത് വ്യാപിച്ച് മുതിര്‍ന്നവരിലേക്ക് വരെ എത്തിക്കഴിഞ്ഞു.പ്രശ്നം ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ഇന്‍സ്റ്റയുടെ ഇടപെടല്‍.നഗ്ന ചിത്രങ്ങളടക്കം ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകളെ തടയിടാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയടക്കം കെണിയില്‍ വീഴ്ത്താന്‍ അക്കൗണ്ടുള്‍ തുറന്ന് വെച്ച് വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്‍സ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളെ, പ്രത്യേകിച്ച് കൗമാരക്കാരെ, ലൈംഗിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പുതിയ കുറേ സുരക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൗമാരക്കാര്‍ക്കായി അടുത്തിടെ ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ട് എന്ന പേരില്‍ പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പുതിയ ഫീച്ചറുകള്‍ വരുന്നത്. ഈ അക്കൗണ്ടുകളിലൂടെ അവരെ ബന്ധപ്പെടാവുന്നവരെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരിട്ടുള്ള സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ചിത്രങ്ങളുടെയോ വീഡിയോകളുടെയോ സ്‌ക്രീന്‍ഷോട്ടുകളോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗുകളോ പ്ലാറ്റ്ഫോം ഇനി അനുവദിച്ചേക്കില്ല.ഒരു തവണ മാത്രം കാണാനും റിപ്ലേ നല്‍കാന്‍ അനുമതി നല്‍കുന്നതിനുള്ള ഓപ്ഷനടക്കം പുതിയ അപ്‌ഡേഷനില്‍ ഉണ്ടാകും.നഗ്നത മറയ്ക്കുന്ന ഒരു ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കും.സ്വകാര്യ ചാറ്റുകളില്‍ വരുന്ന നഗ്‌നത അടങ്ങിയ ചിത്രങ്ങള്‍ സ്വയമേവ മങ്ങിക്കുകയും കൗമാര ഉപയോക്താക്കള്‍ക്കായി ഇത് ഡിഫോള്‍ട്ടായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.


സ്വകാര്യ ഫോട്ടോകള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പ്ലാറ്റ്ഫോം അത്തരം ചിത്രങ്ങള്‍ അയയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക്, പ്രത്യേകിച്ച് പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകള്‍ക്ക്, കൗമാരക്കാര്‍ക്ക് ഫോളോ അഭ്യര്‍ത്ഥനകള്‍ അയയ്ക്കുന്നത് ബുദ്ധിമുട്ടാക്കാനുള്ള നടപടികളും ഇന്‍സ്റ്റഗ്രാം സ്വീകരിക്കും.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അക്കൗണ്ടുകളില്‍ നിന്ന് സ്വകാര്യ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഒരു സുരക്ഷാ സന്ദേശം ഇന്‍സ്റ്റഗ്രാം പുറപ്പെടുവിക്കും.

സംശയാസ്പദമായ തോന്നുന്ന അക്കൗണ്ടുകളില്‍ നിന്ന് കൗമാരക്കാരുടെ അക്കൗണ്ടുകളിലെ ഫോളോവേഴ്‌സ് ലിസ്റ്റുകള്‍ മറയ്ക്കാനും ഇന്‍സ്റ്റ ലക്ഷ്യമിടുന്നു.കൂടാതെ മറ്റുതരത്തിലുള്ള ചൂഷണങ്ങളെ തടയിടാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന മെറ്റ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലും കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് അവര്‍.ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരായിരിക്കുകയും സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 'സ്‌കാം സെ ബച്ചാവോ' എന്ന പേരില്‍ പ്രചാരണവും ആരംഭിച്ചു.

Previous Post Next Post