ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 


അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയില്‍ നടനും എംഎല്‍എയുമായ എം മുകേഷ് അറസ്റ്റില്‍. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പൊലീസ് എടുത്ത കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2011ല്‍ നടന്ന സംഭവമാണ് കേസിനാസ്പദമായത്.2011ല്‍ വടക്കാഞ്ചേരിയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. ഭാരതീയ ന്യായസംഹിതയുടെ 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. മുകേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ശേഷം മുകേഷ് ജാമ്യം നേടി പുറത്തിറങ്ങി.മുന്‍പും ലൈംഗികാതിക്രമത്തിന്റെ പേരില്‍ മുകേഷിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ മുകേഷിന്റെ രാജിക്കായുള്ള ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുകേഷിന്റെ രാജിക്ക് അധികം സമ്മര്‍ദം ചെലുത്താതിരിക്കുകാണ് ചെയ്തത്. എന്നാല്‍ മുകേഷ് രാജിവയ്ക്കണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.
Previous Post Next Post