രണ്ടുമാസം മുമ്പ് പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ തടസ്സമായ രണ്ടു പിഞ്ചുമക്കളെ കൊലപ്പെടുത്തിയ യുവതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗര ജില്ലയിലെ കെ. ഗ്രിഗൊറി ഫ്രാൻസിസ് (30), സ്വീറ്റി (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്ദിരനഗറിലെ ബി.ബി.എം.പി ശുചീകരണത്തൊഴിലാളി ശിവുവിന്റെ ഭാര്യയാണ് സ്വീറ്റി.ഇവരുടെ രണ്ടു മക്കളെയാണ് കൊലപ്പെടുത്തിയത്.
രണ്ടുമാസം മുമ്പ് തണ്ണേരി റോഡിലെ പാർക്കിൽ കണ്ടുമുട്ടിയ ഫ്രാൻസിസും സ്വീറ്റിയും തമ്മിൽ ഇഷ്ടത്തിലായി. ഇരുവരും കഴിഞ്ഞ മാസം 27ന് രാമനഗര ഇജൂറുവിൽ വീട് വാടകക്കെടുത്ത് കുട്ടികൾക്കൊപ്പം താമസം തുടങ്ങി.എന്നാൽ തങ്ങളുടെ ജീവിതത്തിൽ കുട്ടികൾ തടസ്സമാണെന്ന് മനസിലാക്കിയ ഇവർ ആദ്യം രണ്ടു വയസ്സുള്ള മൂത്തമകൻ കൊല്ലുകയായിരുന്നു. അസുഖം കാരണം മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ശ്മാശാനം ജീവനക്കാരനെ സംസ്കരിക്കാൻ ഏൽപിച്ചു. പിന്നീട് 11 മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയും കൊന്നു. എന്നാൽ, തുടരെയുള്ള ശിശുമരണത്തിൽ സംശയം തോന്നിയ ശ്മശാനം ജീവനക്കാരൻ യുവാവിനെയും യുവതിയെയും ചേർത്ത് വിഡിയോ എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.