വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ട്രാവൽ ഏജൻസി ഉടമകൾ പിടിയിൽ




തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി പണം തട്ടിയെടുത്തെന്ന കേസിൽ ട്രാവൽ ഏജൻസി ഉടമകൾ പിടിയിൽ. ശാസ്തമംഗലം ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എംഡി ഡോൾഫി ജോസഫൈൻ, മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.

ഡോൾഫിയുടെ ഭർത്താവും കേസിൽ പ്രതിയുമായ സജു സൈമൺ ഒളിവിലാണ്. കാനഡ, യുഎസ്എ, യുകെ എന്നിവിടങ്ങളിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. ഇവർക്ക് എതിരെ 21 പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാൽപതോളം പേർ തട്ടിപ്പിനിരയായെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

6 പേർ നൽകിയ പരാതിയിൽ 3 കേസുകളാണ് മ്യൂസിയം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ഇവർക്കു 7 മുതൽ 10 ലക്ഷം രൂപ വരെ നഷ്ടമായി. വിവിധ രാജ്യങ്ങളിൽ 2 മുതൽ 4 ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്തു സാമൂഹിക മാധ്യമങ്ങൾ വഴി ഇവർ പരസ്യം നൽകുകയും 2 മുതൽ 8 ലക്ഷം രൂപവരെ വാങ്ങിയെന്നുമാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞും വിസ ലഭിച്ചില്ല. പണം മടക്കിനൽകാനും സ്ഥാപനം തയാറായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഉടമകൾ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു.
Previous Post Next Post