ഹൈദരബാദിലെ തെരുവില്‍ രാത്രി ഒഴുകിയെത്തിയത് രക്തം !


കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 25) രാത്രി ഹൈദരാബാദിലെ ജീഡിമെത്‌ല വ്യവസായിക മേഖലയ്ക്ക് സമീപത്തെ വെങ്കിടാദ്രി നഗറിലെ തെരുവുകളില്‍ രാത്രി ഇറങ്ങിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തെരുവിലെ ഓടയില്‍ നിന്നും റോഡിലേക്ക് പരന്നൊഴുകിയ വെള്ളത്തിന് രക്തത്തിന്റെ നിറം. ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രക്തത്തോട് സാമ്യമുള്ള ചുവന്ന നിറത്തിലുള്ള ദ്രാവക കണ്ട് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. അതിരൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസതടസം നേരിട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലിന ജലത്തിന്റെ നിറം രക്തത്തിന്റെതിന് സമാനമായിരുന്നെങ്കിലും അതില്‍ നിന്നും പുറത്ത് വന്ന രൂക്ഷഗന്ധത്തിന് രക്തത്തിന്റെ മണമുണ്ടായിരുന്നില്ല. ഇത് സമീപത്തെ വ്യാവസായിക മേഖലയില്‍ നിന്നും ഉപയോഗശൂന്യമായ പെയിന്റ് അഴുക്കുചാലിലേക്ക് ഒഴുക്കിക്കളഞ്ഞതാകാമെന്നുള്ള അനുമാനത്തിലേക്ക് പ്രദേശവാസികളെത്തി. 'ഈ പ്രദേശത്ത് വ്യാവസായിക മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് ഏങ്ങനെയെന്നതിന് തെളിവാണ് ഈ സംഭവം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അല്ലെങ്കില്‍ ജിഎച്ച്എംസി ഇത്തരത്തില്‍ തെരുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ കര്‍ശന നടപടികള്‍ ആരംഭിക്കേണ്ടതുണ്ട്. സമീപത്തെ മാലിന്യ സംസ്‌കരണത്തിന് ശരിയായ മേല്‍നോട്ടം ഉണ്ടായിരിക്കണം,' ജീഡിമെട്‌ല സ്വദേശിയായ കെ ലക്ഷ്മണ്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

എന്നാല്‍, ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്റ് സീവേജ് ബോര്‍ഡ് അധികൃതര്‍ ഈ അവകാശവാദങ്ങള് നിഷേധിച്ചു. 'പ്രാദേശികമായ അഴുക്കുചാലുകളില്‍ നിന്ന് ഇത്തരം നിറമുള്ള വെള്ളം ഒഴുകുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിട്ടില്ല. അത് വ്യാവസായിക രാസവസ്തുക്കള്‍ നേരിട്ട് തെരുവുകളില്‍ ഉപേക്ഷിച്ചതാകാനാണ് സൂചന.'വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വ്യാവസായിക മേഖലയില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നദി ഉപയോഗശൂന്യമായെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിന്നേറ്റ് നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തെരുവുകള്‍ വൃത്തിയാക്കി. അതേസമയം എവിടെ നിന്ന് ആരാണ് ഈ വ്യാവസായിക മാലിന്യം തെരുവുകളിലേക്ക് ഒഴിക്കിയതെന്ന് വ്യക്തമല്ല
Previous Post Next Post