ലോകത്തെ ഏറ്റവും മനോഹരം; അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുനെസ്‌കോ പ്രീ വെര്‍സൈല്‍സ് പുരസ്‌കാരം




ലോകത്തെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം. യുനെസ്‌കോയുടെ പ്രീ വെര്‍സൈല്‍സ് പുരസ്‌കാരമാണ് വിമാനത്താവളത്തിന് ലഭിച്ചത്. വിമാനത്താവളങ്ങള്‍,കായിക വേദികള്‍, ഹോട്ടലുകള്‍, തുടങ്ങിയവയുടെ മികച്ച രൂപകല്‍പനകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

യുഎഇയുടെ സാംസ്‌കാരിക പൈതൃകവും നവീന സാങ്കേതിക വിദ്യകളും ഉള്‍ക്കൊളളിച്ചാണ് സായിദ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. 7,42,000 ചതുരശ്ര മീറ്ററില്‍ തയാറാക്കിയിരിക്കുന്ന വിമാനത്താവളത്തില്‍ മണിക്കൂറില്‍ 11,000 യാത്രികരെയും ഒരേസമയം 79 വിമാനങ്ങളെയും ഉള്‍ക്കൊള്ളാനാവും.പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

വ്യോമയാനത്തിന്റെ ഭാവി, നൂതനമായ കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം സമന്വയിപ്പിച്ചാണ് വിമാനത്താവളനിര്‍മ്മിതിയെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ എലീന സോര്‍ലിനി പറഞ്ഞു. പുരസ്‌കാരനേട്ടം അഭിമാനമാണ്. വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികവും ഈദ് അല്‍ ഇത്തിഹാദും ചേര്‍ന്ന അവസരത്തിലാണ് പുരസ്‌കാര നേട്ടമെന്നത് ഇരട്ടിമധുരമാണെന്നും അവര്‍ പറഞ്ഞു.

ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുളള സ്‌ക്രീനിങ് വിമാനത്താവളത്തിലുണ്ട്. നിര്‍മ്മിത സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്തിയുളള സംവിധാനം 2025 ല്‍ പ്രവര്‍ത്തന സജ്ജമാകും. യുഎസിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് പ്രീക്ലിയറന്‍സ് സൗകര്യങ്ങള്‍ നല്‍കുന്ന മധ്യപൂര്‍വ്വദേശത്തെ ഏക വിമാനത്താവളം കൂടിയാണ് സായിദ് വിമാനത്താവളം. അന്താരാഷ്ട്ര സീറ്റ് ലഭ്യതയുടെ അടിസ്ഥാനത്തില്‍ മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമാണിത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ 21ദശലക്ഷം പേരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്.

Previous Post Next Post