സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ് കുഞ്ഞ് മാളികപ്പുറം; തുണയായി പൊലീസിന്‍റെ റിസ്റ്റ് ബാന്‍റ്



ശബരിമല: മിനിറ്റുകളോളം സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ കുഞ്ഞു മാളികപ്പുറത്തിന് പൊലീസിന്‍റെ റിസ്റ്റ്ബാഡ് തുണയായി. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലിസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽ പരിഭ്രമിച്ച് പിതാവിനെ തെരഞ്ഞുനടന്ന മാളികപ്പുറത്തിന് രക്ഷകനായത് സിവിൽ പൊലീസ് ഓഫീസറായ അക്ഷയ് ആണ്.

കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരഞ്ഞ അക്ഷയ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തിയിരുന്ന ഫോൺ നമ്പറിൽ നിമിഷങ്ങൾക്കകം ബന്ധപ്പെട്ടു. തുടർന്ന് ശിവാർഥികയുടെ പിതാവെത്തിയതോടെ കുഞ്ഞു മാളികപ്പുറത്തിന്‍റെ കരച്ചിൽ ആശ്വാസച്ചിരിയായി മാറി. പൊലീസ് അങ്കിളിനു നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലയിറങ്ങിയത്. ഇത്തരത്തിൽ നിരവധി കുട്ടികൾക്കാണ് പൊലീസിന്‍റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.


10 വയസിൽ താഴെയുള്ള 5000 ലധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽ നിന്നും വനിതാ പൊലീസിന്‍റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്. പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം 500ലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.

Previous Post Next Post