കടുവയെ തിരയാന്‍ തെര്‍മല്‍ ഡ്രോണ്‍, കുങ്കിയാനകളും എത്തും; മാനന്തവാടിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി





കല്‍പ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു.

കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
Previous Post Next Post