കഴക്കൂട്ടത്തിന് സമീപം പാർവ്വതി പുത്തനാറിൽ വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. മേനംകുളം കൽപന കോളനി സ്വദേശി ലളിത (72) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയായിരുന്നു ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ള ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആറിന് കരയിലുള്ള വീട്ടിലായിരുന്നു ഇവർ ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക് മടങ്ങിയത്.
വരുന്ന വഴിക്ക് കാൽതെറ്റി പാർവതിപുത്തനാറിലേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. പതിവ് പോലെ രാവിലെ ലളിതയെ കാണാനെത്തിയ ബന്ധുക്കൾ വീട്ടുപരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടില്ല. മാനസിക പ്രശ്നമുള്ളതിനാൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് ഒമ്പതരയോടെ പാർവ്വതി പുത്തനാറിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പിന്നാലെ കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.