ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി യുഎസ് തുടരുന്നു. നാടുകടത്തപ്പെടുന്നവരെയും വഹിച്ചുകൊണ്ട് രണ്ട് വിമാനങ്ങൾ കൂടി ശനി, ഞായർ ദിവസങ്ങളിലായി പഞ്ചാബിലെ അമൃത്‌സറിൽ ലാൻഡ് ചെയ്യും.
ശനിയാഴ്ച ഇറങ്ങുന്ന വിമാനത്തിൽ 119 പേരുണ്ടാകും. രാത്രി പത്ത് മണിയോടെ അമൃത്‌സറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 67 പേരും പഞ്ചാബിൽനിന്നു തന്നെയുള്ളവരാണ്. 33 പേർ ഹരിയാനയിൽനിന്നും എട്ടു പേർ ഗുജറാത്തിൽനിന്നും മൂന്നു പേർ ഉത്തർ പ്രദേശിൽനിന്നും രണ്ടു പേർ വീതം ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നും, ഓരോരുത്തർ ഹിമാചൽ പ്രദേശിൽനിന്നും ജമ്മു കശ്മീരിൽനിന്നുമാണ്.
ഞായറാഴ്ച എത്തുന്ന വിമാനത്തിലെ യാത്രക്കാരുടെ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൽഡ് ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അടുത്ത രണ്ടു ബാച്ച് നാടുകടത്തലുകളുടെ വിവരം പുറത്തുവരുന്നത്. സാധാരണ കുടുംബങ്ങളിൽനിന്നുള്ളവർക്ക് വലിയ സ്വപ്നങ്ങൾ നൽകി മനുഷ്യക്കടത്തുകാർ വലയിൽ വീഴ്ത്തുന്ന പ്രവണതയ്ക്കെതിരേ പോരാട്ടം നടത്തണമെന്ന് മോദി ട്രംപിനോടുള്ള ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും ഇന്ത്യയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ആഗോള പ്രതിഭാസമാണെന്നുമുള്ള നിലപാടാണ് ട്രംപുമായുള്ള ചർച്ചയിൽ മോദി സ്വീകരിച്ചത്. അനധികൃതമായി ഒരു വിദേശരാജ്യത്ത് പ്രവേശിക്കുന്ന ഒരാൾക്കും അവിടെ താമസിക്കാൻ ഒരവകാശവുമില്ലെന്ന നയവും മോദി വിശദീകരിച്ചിരുന്നു.
ട്രംപ് അധികാരമേറ്റ ശേഷം ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനാണ് അമൃത്‌സറിൽ ഇറങ്ങിയത്. ഇതിൽ വന്ന യാത്രക്കാരുടെ കൈകളിൽ വിലങ്ങ് വയ്ക്കുകയും കാലുകളിൽ ചങ്ങല ബന്ധിക്കുകയും ചെയ്തിരുന്നു എന്ന ആരോപണം പാർലമെന്‍റിൽ ഉൾപ്പെടെ രാജ്യത്ത് വലിയ ചർച്ചാവിഷയമായിരുന്നു.
തുടർന്ന്, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതോ വിലങ്ങ് വയ്ക്കുന്നതോ പുതിയ കാര്യമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്‍റിൽ നടത്തിയ പ്രത്യേക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നാടുകടത്തപ്പെടുന്നവരോടെ മനുഷ്യത്വരഹിതമായി പെരുമാറാൻ പാടില്ലെന്ന് യുഎസിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി മോദിയുടെ യാത്രയ്ക്കു മുൻപ് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.