ഇന്ന് സൗത്ത് പാമ്പാടി ഇളകി മറിയും- തമിഴന് ജെല്ലിക്കെട്ട് പോലെയാണ് പാമ്പാടിക്കാർക്ക് നാടൻ പന്തുകളി. ഒന്നരമാസമായി കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ കുറ്റിക്കൽ നേറ്റീവ് ബോൾ ക്ലബ്ബ് സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിവരുന്ന നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ ഇന്ന് 2.30 ന്. എന്തിനും വീറും വാശിയും ഉള്ള മീനടം തങ്ങളുടെ ടീമിന് കളം സപ്പോർട്ട് നൽകുവാൻ പഞ്ചായത്ത് മുഴുവൻ ഇന്ന് കുറ്റിക്കലേക്ക് ഒഴുകിയെത്തും. കളം സപ്പോർട്ടിൽ ഒട്ടും പിറകിൽ ആകാതിരിക്കുവാൻ അഞ്ചേരിക്കാരും കുറ്റിക്കലേക്ക് എത്തുവാൻ നിരവധി വാഹനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. ആവേശം കൈവിട്ടു പോകാതിരിക്കുവാനും ഉജ്വലമായ പോരാട്ടത്തിനുമുള്ള എല്ലാ കള ഒരുക്കങ്ങളും സംഘാടകരും ചെയ്തു കഴിഞ്ഞു. അമ്പതോളം ചെറുപ്പക്കാരുടെ 50 ദിവസത്തെ പ്രയത്നമാണ് മത്സരങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് പിന്നിലുള്ളത്. ഫൈനൽ മത്സരത്തിന് ഫെഡറേഷൻ പ്രസിഡന്റ് സന്ദീപ് കെ. എസും സെക്രട്ടറി ബബിലുവും നേതൃത്വം നൽകും.എതിർ ടീമിന്റെ പന്തുകൾ ഉയർത്തിയടിച്ചും പൊക്കി വെട്ടിയും പിടിച്ചെടുത്തും കളി നഷ്ടമാക്കുന്ന ഓരോ പന്തിനും സെമിഫൈനലിൽ പോലും 100 രൂപ വീതം നൽകിയിരുന്നിടത്ത് ഫൈനലിൽ അത് എത്രയാണെന്ന് കണ്ടറിയാം. ഈ കമ്പക്കെട്ടിന്റെ കലാശക്കൊട്ടിൽ വിജയികളാകുന്നവർ മൂലശേരിൽ ഫീലിപ്പോസ് ഉമ്മൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും പി. എച്ച്. കുര്യൻ ഐ. എ.എസും, ജോസ് കോഴിവള്ളിലും, ജൂനിയർ ബസേലിയോസ് സ്കൂളും, സതേൺ ബ്രിക്സും ചേർന്നു നൽകുന്ന 25,001/ രൂപയുടെ ക്യാഷ് അവാർഡും നേടും. രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് പച്ചിലക്കാട്ട് പി. ഇ ഉലഹന്നാൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാപ്പിറ്റൽ ബസുമതി റൈസ് നൽകുന്ന 15,001/ രൂപയുടെ ക്യാഷ് അവാർഡും. മികച്ച കളിക്കാരൻ, കാലടികാരൻ, കൈവെട്ടു കാരൻ, പിടുത്തക്കാരൻ, ഉയർത്തി വെട്ടുകാരൻ, നവാഗത പ്രതിഭ എന്നിവർക്ക് പ്രത്യേകം ട്രോഫികളും ക്യാഷ് അവാർഡുകളും മികച്ച ആസ്വാദകന് ക്യാഷ് അവാർഡും ഉണ്ട്. കാണികൾ എടുക്കുന്ന കൂപ്പൺ നറുക്കിട്ട് വിജയിക്ക് പ്രത്യേകം ക്യാഷ് അവാർഡ് നൽകും. ഇന്നലകളിൽ നാടൻ പന്തുകളി കളങ്ങളിൽ കാണികളുടെ ഹരമായിരുന്ന പഴയകാല കളിക്കാരെയും, അഞ്ച് ദശാബ്ദമായി നാടൻ പന്ത് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരിപ്പാൻ കുഞ്ഞുമോനെയും സമാപന സമ്മേളനത്തിൽ ആദരിക്കും. വിജയികൾക്ക് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്യും. പ്രായമായവർ അടക്കമുള്ള സൗത്ത് പാമ്പാടിക്കാരുടെ ഇന്ന് ഉച്ചകഴിഞ്ഞത്തെ ടൈംടേബിൾ കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ നാടൻ പന്തുകളി മത്സരമാണെന്ന് സംഘാടനത്തിന് നേതൃത്വം നൽകുന്ന അഡ്വ. സിജു.കെ ഐസക്കും ജെദീഷ്.കെ ഏബ്രഹാമും പറഞ്ഞു. പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യപ്രദമായി കളി കാണുവാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മിനറൽ വാട്ടറും കസേരയും കൂടി 50 രൂപ നിരക്കിലും ലഭ്യമാണ്.