പഞ്ചാബില്‍ വിഷമദ്യദുരന്തം: 14 പേര്‍ മരിച്ചു, നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍




ചണ്ഡീഗഡ്: പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്‍കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി.   അമൃത്സറിലെ മജിതയിലാണ് സംഭവം. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നതായും വിതരണക്കാരെ അറസ്റ്റ് ചെയ്തതായും അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാവ്‌നി പറഞ്ഞു. 'മജിതയില്‍ ഒരു നിര്‍ഭാഗ്യകരമായ ദുരന്തം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ 5 ഗ്രാമങ്ങളില്‍ നിന്ന് മദ്യം കഴിച്ചവരുടെ നില ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഞങ്ങള്‍ മെഡിക്കല്‍ ടീമുകളെ ഉടന്‍ തന്നെ അയച്ചു. ഞങ്ങളുടെ മെഡിക്കല്‍ ടീമുകള്‍ ഇപ്പോഴും വീടുതോറും കയറിയിറങ്ങുന്നുണ്ട്. ആളുകള്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഇതുവരെ 14 പേര്‍ മരിച്ചു. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നു.വിതരണക്കാരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടുതല്‍ അന്വേഷണം നടക്കുന്നു'- സാക്ഷി സാവ്‌നി പറഞ്ഞു.
أحدث أقدم