കൊവിഡ് 19: മഹാരാഷ്ട്രയിൽ 2 മരണം; രാജ്യത്ത് ആകെ 257 കേസുകൾ




ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കൊവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ 2 മരണം. മുംബൈയിലാണ് കൊവിഡ് ചികിത്സയിലായിരുന്ന 2 പേർ മരിച്ചത്. എന്നാൽ ഇവർ കൊവിഡ് മൂലമല്ല മരിച്ചതെന്നും ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

സിന്ധുദുർഗ്, ഡോംബിവ്‌ലി എന്നിവിടങ്ങളിൽ നിന്നുള്ള 2 സ്ത്രീകളാണ് ഞായറാഴ്ച മരിച്ചത്. ആരോഗ്യ വിഭാഗം സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതായും നിവലിൽ ഭീതിപടരേണ്ട സഹചര്യമില്ലെന്നും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു.

സിംഗപ്പൂർ, ഹോങ്കോംഗ്, കിഴക്കൻ ഏഷ്യ തുടങ്ങി മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് -19 കേസുകളുടെ എണ്ണം വർധിച്ചുവരിന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ 2 പേർ മരിച്ചത്.

ഇന്ത്യയിൽ നിലവിൽ 257 ആക്ടീവ് കേസുകളാണ് ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 69 പുതിയ കേസുകളാണ് മേയ് 12 ന് ശേഷമുള്ള കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്തത്. ഇതിനു തൊട്ടു പിന്നാലെ മഹാരാഷ്ട്ര (44), തമിഴ്‌നാട് (34). കർണാടക (8), ഗുജറാത്ത് (6), ഡൽഹി (3), ഹരിയാന, രാജസ്ഥാൻ, സിക്കിം എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും എന്നിവയാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം, രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്തെ ഭൂരിഭാഗം കേസുകളും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമെന്നാണ് വിലയിരുത്തൽ. രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഏജൻസികൾ യോഗം ചേർന്ന ശേഷം വിശദീകരിച്ചു.
أحدث أقدم