റോഡില്‍ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ


ഇടുക്കിയില്‍ റോഡില്‍ വാഹനത്തിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് പൊലീസുകാരെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പള്ളിക്കുന്ന് തനിക്കോടിയില്‍ ജോണ്‍സനെയാണ് അറസ്റ്റ് ചെയ്തത്. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മാറ്റുവാന്‍ ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ശാന്തന്‍പാറ ചേരിയാര്‍ പുത്തടി ഭാഗത്ത് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. റോഡില്‍ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നാണ് പ്രതി പൊലീസുകാരെ ആക്രമിച്ചത്. വീതി കുറഞ്ഞ ചേരിയാര്‍ -പുത്തടി റോഡില്‍ എതിര്‍ ദിശയില്‍ നിന്നും കാറില്‍ വന്ന ജോണ്‍സണ്‍ പൊലീസ് വാഹനത്തിനു കടന്നു പോകുവാന്‍ സൈഡ് കൊടുക്കാന്‍ തയാറാകാതെ വാഹനത്തില്‍ നിന്നും ഇറങ്ങി ഉദ്യോഗസ്ഥരെ ചീത്ത പറയുകയും മര്‍ദിക്കുകയുമായിരുന്നു

എസ് ഐമാരായ രാജ് നാരായണനും സാബുവിനും സി പി ഒ ജിനോയ്ക്കുമാണ് പരിക്കേറ്റത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

أحدث أقدم