കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ 2 ദിവസം പ്രത്യേക ക്യാൻസര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവർത്തിക്കും: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ 2 ദിവസം പ്രത്യേക ക്യാൻസര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്യാൻസര്‍ പ്രതിരോധത്തിനും ബോധവത്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ ക്യാൻസര്‍ ക്യാംപെയിന്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.

പുരുഷന്‍മാര്‍ക്കും സ്‌ക്രീനിങ് സംവിധാനം ഉണ്ടായിരിക്കും. എല്ലാവരും സ്‌ക്രീനിങ്ങില്‍ പങ്കെടുത്ത് ക്യാൻസര്‍ ഇല്ലെന്ന് ഉറപ്പാക്കണം. രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാം. ക്യാൻസര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും ക്യാൻസര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ലോക ക്യാൻസര്‍ ദിനമായ ഫെബ്രുവരി 4ന് ആരംഭിച്ച ഈ ക്യാംപെയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിങ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ക്യാംപെയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് ക്യാൻസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാൻസര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാം.

പല ക്യാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാം. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാൻസര്‍ എന്നിവയോടൊപ്പം മറ്റ് ക്യാൻസറുകളും സ്‌ക്രീനിങ് നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം കരള്‍, അന്നനാളം, വായ എന്നിവിടങ്ങളിലെ ക്യാൻസറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്റ്ററെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ചില ക്യാൻസറുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാല്‍ എല്ലാവരും സ്‌ക്രീനിങ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിങ്ങില്‍ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയില്‍ ക്യാൻസര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
أحدث أقدم