എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (എ എ ഐ) കീഴില്‍ ജോലി നേടാന്‍ സുവർണ്ണാവസരം. ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികകളിലെ 309 ഒഴിവുകളിലേക്ക് എ എ ഐ നിയമനം നടത്തുന്നു. മെയ് 24 ആണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടിയുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് എ എ ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.aai.aero-ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക.
ജൂനിയർ എക്സിക്യൂട്ടീവ് (എടിസി) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ മൂന്ന് വർഷത്തെ ബി എസ് സി ബിരുദം വേണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിൽ മുഴുവൻ സമയ ബാച്ചിലർ ഡിഗ്രി ഇൻ എഞ്ചിനീയറിംഗ്. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ ഏതെങ്കിലും സെമസ്റ്ററിൽ പഠിച്ചിരിക്കണം.ഇംഗ്ലീഷ് വിഷയമായി 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠിച്ചിട്ടുണ്ടാകണം, അതായത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
അപേക്ഷകരുടെ പ്രായം മെയ് 24 ന് 27 വയസ്സ് കവിയാന്‍ പാടില്ല. SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷവും, PwD ഉദ്യോഗാർത്ഥികൾക്ക് 10 വർഷവും (അധിക വിഭാഗങ്ങൾക്ക് ബാധകമായ ഇളവുകൾ ഉൾപ്പെടെ) ഇളവ് അനുവദിക്കും. എഎഐ ജീവനക്കാർക്ക് 10 വർഷം വരെ പ്രായ ഇളവ് ലഭിക്കും.
ഒന്നിലധികം ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് എഎഐ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ . ആദ്യം, 120 മാർക്കിന്റെ 120 ചോദ്യങ്ങളുള്ള ഓൺലൈൻ പരീക്ഷ നടത്തും. 2 മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയില്‍ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കില്ല. രണ്ട് ഭാഗങ്ങളായി തിരിച്ചായിരിക്കും പരീക്ഷ. എ ഭാഗത്ത് (60 മാർക്ക്) ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്/റീസണിംഗ്, ജനറൽ ആപ്റ്റിറ്റ്യൂഡ്/ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളജ് എന്നിവ ഉൾക്കൊള്ളുന്നു. ബി ഭാഗത്ത് (60 മാർക്ക്) ഗ്രാജുവേഷൻ ലെവലിലുള്ള ഫിസിക്സും മാത്തമാറ്റിക്സുമാണ് അടങ്ങിയിരിക്കുന്നത്.പരീക്ഷയില്‍ വിജയിക്കുന്നവരുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും അപേക്ഷ പരിശോധനയും നടക്കും. വ്യക്തവും കൃത്യവുമായ ആശയവിനിമയ കഴിവ് പരിശോധിക്കുന്ന വോയിസ് ടെസ്റ്റ്, സൈക്കോആക്ടീവ് സബ്സ്റ്റൻസസ് ടെസ്റ്റ്, സൈക്കോളജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവയാണ് മറ്റ് ഘട്ടങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40000-140000 എന്ന നിരക്കിലായിരിക്കും ശമ്പളം. ഇന്ത്യയില്‍ ഉടനീളമുള്ള വിമാനത്താവളങ്ങളില്‍ ഒഴിവുകള്‍ ലഭ്യമാണ്.