കോട്ടയം അലറിപ്പെയ്ത് മഴയ്ക്കു പിന്നാലെ കാറ്റും കരുത്തുകാട്ടിയതോടെ മീനച്ചിൽ താലൂക്കിൽ വ്യാപക നാശനഷ്‌ടം. ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടെങ്കിലും മീനച്ചിലിൽ മാത്രം 33 വീടുകൾ ഭാഗികമായി തകർന്നു. മാഞ്ഞൂർ പഞ്ചായത്ത് നാലാം വാർഡ് കൊണ്ടൂക്കുന്നേൽ രാജുവിന് വീട് തകർന്നു പരുക്കേറ്റു. രാജുവിനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജുവും രണ്ട് മക്കളും വീടിനുള്ളിലുണ്ടായിരുന്നപ്പോഴാണ് അപകടം. കാഞ്ഞിരപ്പള്ളി, പാലാ, മരങ്ങാട്ടുപിള്ളി, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ പുലർച്ചെ 3നു വീശിയടിച്ച കാറ്റിൽ തലയാഴം ഉല്ലല ചുഴലിക്കാട് വീട്ടിൽ ഷംസുദ്ദീൻ, വടയാർ മാർ സ്ലീബാ സ്കൂളിനു സമീപം ഉഷസ്സിൽ രാജലക്ഷ്മി എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും ഇന്നു ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. 27, 28 തീയതികളിൽ ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.