പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി.
ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ ജോധ്പൂർ, അമൃത്‌സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നും പുറപ്പെടാനിരുന്നതും, ഈ വിമാനത്തവാളങ്ങളിലേക്ക് പോകാനിരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്.
മെയ് 10 വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം സർവീസുകൾ റദ്ദാക്കിയത്.
അതേസമയം ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൗജന്യ റീഷെഡ്യൂൾ അല്ലെങ്കിൽ ടിക്കറ്റ് പണം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.
അതേസമയം ഓപറേഷൻ സിന്ദൂറിന് പിന്നാലെ വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകളും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ദുബൈ, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ വഴിതിരിച്ചുവിട്ടു.