കുവൈത്ത്സിറ്റി: വൈത്തിലെ ഫഹാഹീൽ, മംഗഫ്, മഹ്ബൂല തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മദ്യം വിൽപ്പന നടത്തിയ രണ്ട് പ്രവാസികളെ പിടികൂടി. ഇവരിൽ നിന്ന് 917 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ഫഹാഹീൽ ഏരിയയിൽ നടത്തിയ സാധാരണ പട്രോളിംഗിനിടെയാണ് അറസ്റ്റ് നടന്നത്. വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു ബസ് ഉദ്യോഗസ്ഥർ തടഞ്ഞു.
പരിശോധനയിൽ, വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പ്രവാസികളിൽ ഒരാൾ വാണ്ടഡ് ലിസ്റ്റിലുള്ള വ്യക്തിയാണെന്ന് കണ്ടെത്തി. പ്രതികൾ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ, നിരവധി കുപ്പികൾ അടങ്ങിയ ഒരു കറുത്ത ബാഗ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് പിന്നീട് നാടൻ മദ്യമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബസ് വിശദമായി പരിശോധിച്ചതിൽ നിന്ന് വാഹനത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 917 കുപ്പികളോളം വരുന്ന വ്യാജമദ്യം കണ്ടെത്തുകയും ചെയ്തു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.